പത്തനംതിട്ട: കാലവര്‍ഷക്കെടുതി നേരിടാന്‍ സ്ഥിരം സംവിധാനം ജില്ലയില്‍ ഒരുക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ. റവന്യു വകുപ്പ് ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വശങ്ങള് പഠിച്ച് മഴക്കെടുതിയുടെ ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികളാണ് ഉണ്ടായത്. എന്നാല്‍ കുറഞ്ഞ കാലയളവില്‍ പകുതിയോളം പരിഹരിക്കാനായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ബാക്കി പരാതികള്‍ കാലതാമസമില്ലാതെ പരിഹരിക്കും.
എല്ലാ ജില്ലകളിലും റവന്യുവകുപ്പ് അവലോകനയോഗങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളിലേക്ക് വകുപ്പിന്റെ പ്രവർത്തനം വളരെ വേഗത്തിലും സുതാര്യമായും എത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങൾ കൂടുതൽ ബന്ധപ്പെടുന്ന വകുപ്പെന്ന നിലയിൽ കാര്യക്ഷമതയോടെയും സാങ്കേതിക വൈദഗ്ധ്യത്തോടെയും ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായുള്ള ഓൺലൈൻ യോഗത്തിലും മന്ത്രി പങ്കെടുത്തു.
പട്ടയവിതരണം: സാങ്കേതിക
പ്രശ്നങ്ങൾ പരിഹരിക്കും
ജില്ലയിൽ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി അനിൽ കുമാർ പറഞ്ഞു. ഓരോ പ്രദേശത്തും പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഓരോ സാങ്കേതിക പ്രശ്നങ്ങളാണുള്ളത്. ഇവ പരിശോധിച്ചു വളരെവേഗം പ്രശ്നങ്ങൾ പരിഹരിക്കാനും പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ നവീകരണം പുരോഗമിക്കുന്നു. വില്ലേജ് ഓഫിസുകളെല്ലാം സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം, ഭൂമി പതിച്ചുനല്‍കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍, ഭൂമി തരംമാറ്റം, നികുതി പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതിപരിഹാര പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, സര്‍വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ജെ. ഒ. അരുണ്‍, സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റിട്രാക്ക് വെബ് പോര്‍ട്ടലുമായി
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി
പത്തനംതിട്ട: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെത്തുടര്ന്ന് ജില്ലയില്‍ തകര്‍ച്ച നേരിട്ട റോഡുകള്‍, ദുരന്തനിവാരണനിധി വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോര്‍ട്ടലുമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി. ഭരണാനുമതി മുതല്‍ കരാറുകാരനു തുക അനുവദിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഏകീകൃതമായി ലഭ്യമല്ലാതിരുന്ന പ്രശ്നത്തിന് പരിഹാരമായാണ് പോര്‍ട്ടല്‍ രൂപകൽപന ചെയ്തത്.
പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി എ. പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
ഭരണാനുമതി മുതല്‍ ബില്‍ തുക അനുവദിക്കല്‍ വരെയുള്ള 12 ഘട്ടങ്ങള്‍ തത്സമയ ട്രാക്ക് ചെയ്യാനാകും. സമഗ്ര ഡാഷ്ബോര്‍ഡ്, ഫില്‍ട്ടറുകള്‍, റിപ്പോര്‍ട്ടുകള്‍, രേഖകള്‍ തുടങ്ങിയവ പോര്‍ട്ടലിലുണ്ടാകും. നിയോജക മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതി എംഎല്‍എമാര്‍ക്ക് നേരിട്ട് വീക്ഷിക്കാം. നിര്‍വഹണ ഏജന്‍സി, എംഎല്‍എ, സൂപ്പര്‍ അഡ്മിന്, അഡ്മിന് എന്നിങ്ങനെ നാലുതല സരുക്ഷിത ലോഗിന്‍ സംവിധാനമുണ്ട്. കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ജൂണിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസാണ് സുതാര്യതയും വേഗവും ഉറപ്പാക്കുന്ന മാതൃക വികസിപ്പിച്ചത്.